കൊല്ലം: ഒാണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി തെരഞ്ഞ കൊല്ലം സ്വദേശികളായ യുവതീയുവാക്കളില്നിന്നു സൈബര്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്നെടുത്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലെ രണ്ടു പ്രതികള്‍ കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായി.
എറണാകുളം ചൊവ്വര വില്ലേജില്‍ പാഠിയംകുന്ന് ഹൗസില്‍ പി.പി. ഇബ്രാഹിംകുട്ടി മകന് മുഹമ്മദ് ആസിഫ് (30), തൃശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുട കൈപ്പിള്ളി ഹൗസില്‍ സുനില്‍കുമാര്‍ മകന് അഭിനന്ദ് (22) എന്നിവരാണ് കൊല്ലം സൈബര്‍ പോലീസ് സ്റ്റേഷനില്‍ അറസ്റ്റിലായത്.
കൊല്ലം തഴുത്തല സ്വദേശിനിയായ യുവതിയില്‍നിന്നും പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി ടെലിഗ്രാം ടാസ്കുകള് അയച്ചു നല്കി ആയതിലൂടെ ഇരുപത്തൊമ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് മുഹമ്മദ് ആസിഫ് പിടിയിലായത്. കൊല്ലം വടക്കേവിള സ്വദേശിയായ യുവാവില്‍നിന്നും സമാനമായ രീതിയില്‍ ടെലിഗ്രാം ടാസ്കുകള് അയച്ചു നല്കി നാല്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് അഭിനന്ദ് പിടിയിലായത്.
കൊല്ലം തഴുത്തല സ്വദേശിനിയില്‍നിന്നും പണം തട്ടിയെടുത്ത കേസില്‍ എറണാകുളം സ്വദേശിയായ മുഹമ്മദ് സാഹിലിനെ നേരത്തേ തന്നെ അന്വേഷണസംഘം പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് 9,59,330 രൂപ ആസിഫ് ആണ് കൈപ്പറ്റിയത്. വടക്കേവിള സ്വദേശിയുടെ തട്ടിപ്പ് നടത്തിയതില്‍ 1,60,000 രൂപ അഭിനന്ദ് പ്രതികള്‍ക്കു പ്രതിഫലം പറ്റി നല്കിയ ബാങ്ക് അക്കൗണ്ടിലാണ് എത്തിയത്.
സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്റെ നിര്‍ദേശപ്രകാരം കൊല്ലം സിറ്റി ഡിസിആര്‍ബി അസി. പോലീസ് കമ്മീഷണര്‍ എ. നസീര്യുടെ നേതൃത്വത്തില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മനാഫ്, എസ്ഐമാരായ ഗോപകുമാര്‍, നന്ദകുമാര്‍, സിപിഒമാരായ ബിനൂപ്, രോഹിത്,അബ്ദുള്‍ ഹബീബ്, അശ്വതി സൈബര്‍ സെല്ല് എസ്ഐ പ്രതാപന്, എഎസ്ഐ വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.